Friday, September 18, 2009

അമ്മിണിക്കുട്ടിയുടെ അസാധ്യയാത്ര സാഹിത്യ രഹസ്യങ്ങളിലൂടെ

കൊഞ്ഞണംകോട്‌: കിളിത്തട്ടുകളിക്ക്‌ അവധി കൊടുത്ത്‌ അമ്മിണിക്കുട്ടി എന്ന പന്ത്രണ്ടുകാരി 'പുരനിര്‍മ്മാണം' എന്ന സാഹിത്യസിദ്ധാന്തം വിവരിക്കുമ്പോള്‍ വാടാപ്പുറംവാവ അവാര്‍ഡ്‌ നേടിയ എഴുത്തുകാര്‍ പോലും തലചൊറിയും. കാരണം,ഷേക്‌സ്‌പിയറുടെ നാടകസിദ്ധാന്തവും, കാളിദാസന്റെ കാവ്യഭാവനയും തമ്മിലടിക്കുന്ന ഈ നൂതനസിദ്ധാന്തം സാഹിത്യലോകത്തിന്‌ ഒരു അന്താളിപ്പാണ്‌. കോംഗോയിലെ ആദിവാസികള്‍ക്കു മാത്രം പങ്കെടുക്കാന്‍ കഴിയുന്ന സാഹിത്യപ്രതിഭാ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്‌ ഈ കുന്നംകുളത്തുകാരി. നായവളര്‍ത്തല്‍ കേന്ദ്രങ്ങളുടെ വരെ അംഗീകാരം നേടിയ അതുല്യ പ്രതിഭയാണ്‌ അമ്മിണിക്കുട്ടി. അഞ്ചാംക്ലാസിലാണ്‌ പഠിക്കുന്നതെങ്കിലും, അമ്മിണിക്കുട്ടിയുടെ അസാധ്യ പ്രതിഭ പരിഗണിച്ച്‌, വീട്ടിനടുത്തുള്ള ' പ്രതിഭ പാരലല്‍ കോളേജ്‌ ' അവള്‍ക്ക്‌ പരീക്ഷകള്‍ എല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌.
ഷേക്‌സ്‌പിയര്‍ക്കും, കാളിദാസനും മറുഭാഷ്യം ഇപ്പോള്‍ ചമയ്‌ക്കുകയാണ്‌ അമ്മിണിക്കുട്ടി. അതുകൊണ്ടുതന്നെ, അവസാനരംഗത്തില്‍ കൊല്ലുന്നതിനുപകരം ഡെസ്‌ഡിമോണയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ഒഥെല്ലോയും, തന്റെ ഉടുതുണിയും കീറി രക്ഷപ്പെട്ട നളനെ ഉപേക്ഷിച്ച്‌ യോഗ്യരായ ആണുങ്ങളെ കെട്ടുന്ന ദമയന്തിയും അണിനിരക്കുന്ന കാവ്യങ്ങള്‍ നമുക്ക്‌ ഉടന്‍ പ്രതീക്ഷിക്കാം. ഈ ആശയങ്ങളെല്ലാം സമന്വയിപ്പിച്ച്‌,' അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ നത്തിങ്‌നെസ്‌ ' എന്ന ദുരൂഹ സിദ്ധാന്തം അമ്മിണിക്കുട്ടി ഇപ്പോള്‍ തയാറാക്കി വരികയാണ്‌.
ബുര്‍ക്കിനോഫാസയിലെ ഒരു നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ മെയിലാണ്‌ അമ്മിണിക്കുട്ടി മുന്‍ഷി ബിരുദം നേടിയത്‌. ഇവിടെ 13 നാഴിക നീളുന്ന അന്താക്ഷരി, ദഫ്‌മുട്ട്‌, കോല്‍ക്കളി, കടങ്കഥ, സിനിമാപ്പേരു പറഞ്ഞുകളി എന്നിവയെ നേരിട്ടായിരുന്നു ബിരുദം അടിച്ചെടുക്കല്‍. ഈ ദിവസങ്ങളില്‍ ഒരു ലോക്കല്‍ സ്‌കൂളിന്റെ കഞ്ഞിപ്പുരയില്‍ കിടന്നുറങ്ങിയിരുന്ന അമ്മിണിക്കുട്ടി, ഉച്ചയ്‌ക്ക്‌ കഞ്ഞി തിളയ്‌ക്കുന്ന ശബ്ദം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നിരുന്നത്‌. ഇവിടെ വച്ച്‌ എങ്ങനെ വായിച്ചാലും മനസിലാവാത്ത മൂന്ന്‌ കാവ്യങ്ങള്‍ അമ്മിണിക്കുട്ടി രചിച്ചു. ലോകത്തിലെ വായിക്കാന്‍ കൊള്ളാവുന്ന കൃതികളില്‍ നിന്നും ചുരണ്ടിയെടുത്ത ഭാഗങ്ങള്‍ ചേര്‍ത്ത്‌ രൂപം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന 500 പുസ്‌തകങ്ങളുടെ രചനയിലും അമ്മിണിക്കുട്ടി പങ്കാളിയാണ്‌.
മന്ദംപാറ സ്വദേശി കുഞ്ഞുമോന്റെയും, ലീലയുടെയും രണ്ടാമത്തെ മകളായ അമ്മിണിക്കുട്ടിക്ക്‌ സാഹിത്യരോഗം നഴ്‌സറിയില്‍ പഠിക്കുമ്പോഴെ ഉള്ളതാണ്‌. കുഞ്ഞുന്നാളില്‍ അമ്മിണിക്കുട്ടി കാറുമ്പോള്‍ ക്ലാസിക്കല്‍ കൃതികള്‍ ഓര്‍മ്മ വരുമായിരുന്നുവെന്ന്‌ അമ്മ ലീല സാക്ഷ്യപ്പെടുത്തുന്നു. അന്ന്‌ പത്താംക്ലാസില്‍ മൂന്നാം തവണ പരീക്ഷക്കൊരുങ്ങിയിരുന്ന ചേച്ചിയുടെ കീറിയ പുസ്‌തകങ്ങളാണ്‌ വായനക്കെടുത്തത്‌. കുമാരനാശാനോടായിരുന്നു താത്‌പര്യം. അതു പിന്നെ നീലമ്പേരൂര്‍ മധുസൂധനനോടായി. അദ്ദേഹത്തിന്റെ എല്ലാ കൃതികളും വാങ്ങിക്കൂട്ടി. തനിക്ക്‌ മലയാളം അത്രയ്‌ക്കു വായിക്കാനറിയില്ലെന്നു തുറന്നു പറയുമ്പോഴും നീലമ്പൂരിന്റെ കാവ്യഭാഷയില്‍ ഒട്ടേറെ തിരുത്തലുകള്‍ വേണ്ടതല്ലേയെന്നും അമ്മിണിക്കുട്ടി തന്നോടുതന്നെ ചോദിക്കുന്നു.
കവിത സ്ഥിരമല്ല. അത്‌ നാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ കവിതയെ ഇതിനപ്പുറമുള്ള കവിതകളില്‍ നിന്നും വേര്‍തിരിക്കുന്നത്‌ കവിതയുടെ ഒരു അതിരാണ്‌. ഏറ്റവും ശക്തനായ കെടാമംഗലം സദാനന്ദനു പോലും ഇതിനപ്പുറം ഒന്നുമില്ല. ഇതിനെയൊക്കെ വിവരിക്കുന്ന ഒരു കാവ്യസിദ്ധാന്തമാണ്‌ അമ്മിണിക്കുട്ടിയുടെ മറ്റൊരു പദ്ധതി.
അക്ഷരാര്‍ത്ഥത്തില്‍ പാഞ്ഞുനടക്കുകയാണ്‌ അമ്മിണിക്കുട്ടി. മാലദ്വീപിലും, ഘാനയിലും, ഐവറികോസ്‌റ്റിലും, കോസ്‌റ്റാറിക്കയിലും പോകണമെന്നുമുണ്ട്‌. മലയാളത്തിലെ ചില മൂരാച്ചി പത്രാധിപന്‍മാര്‍ തിരിച്ചയയ്‌ച്ചെങ്കിലും, വ്യാഴവട്ടം മാസികയില്‍ തന്റെ പ്രബന്ധം ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന്‌ അമ്മിണിക്കുട്ടി ആശിക്കുന്നു.

9 comments:

  1. നന്നായിട്ടുണ്ട്‌. ഇതാരും കണ്ടില്ലേ?? ആരും ചർച്ചിച്ചുകണ്ടില്ല.

    അമ്മിണിക്കുട്ടി ഇപ്പോൾ കവിതയെക്കുറിച്ചുമാത്രമല്ല സംസാരിക്കുന്നത്‌. ക്രിക്കറ്റ്‌ എന്നത്‌ ഇന്ത്യയിൽ കളിച്ചിരുന്ന കുട്ടിയും കോലും എന്ന കളി അല്ലേ എന്നുള്ള തരം സംശയങ്ങളും പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്‌. പശുവിന്റെ ഗർഭപാത്രത്തിലുരുന്ന് കൊമ്പ്‌ മുറിഞ്ഞുപോയതിനാലാണോ പശുക്കുട്ടിക്ക്‌ കൊമ്പില്ലാത്തത്‌ എന്നും സംശയം പ്രകടിപ്പിച്ചുകണ്ടു. കേരള-കൗ-വിധിയിൽ കണ്ടില്ലേ?
    മാത്രമല്ല, പല സൈറ്റുകളിലും അമ്മിണിക്കുട്ടിയുടെ പേരിൽ കവിതകളുണ്ട്‌. അവിടങ്ങളിൽ എഴുതിയതിനെല്ലാം സമമായി അമ്മിണിക്കുട്ടിയുടെ അച്ഛൻ കുഞ്ഞുമോന്റെ നോട്ടുപുസ്തകത്തിൽ ഉണ്ടത്രെ.

    ReplyDelete
  2. ഹഹ..
    സൂപ്പര്‍
    സച്ചിന്‍ ടെണ്ടുല്ക്കര്‍ , ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്ഡോ എന്നിവര്‍ അമ്മിണിക്കുട്ടിയുടെ അടുത്ത സുഹ്രുത്തുക്കളാണെന്നും ഗബ്രിയേല്‍ ഗാര്സിയ മാര്ക്വേസ് മരിക്കുന്നതിനു മുന്പ് അവളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതും വിട്ടു കളഞ്ഞല്ലോ?

    എം .ടി യെ കുഴക്കിയ പ്രതിഭ എന്ന പേരില്‍ ഒരു പോസ്റ്റിനു കൂടി സ്കോപ്പുണ്ട്.

    ReplyDelete
  3. superb comedy.. enjoyed every line of it...

    ReplyDelete
  4. he he... this s really superb :) I loved it. The heading "Udayippu" itself is too good for the write-up :)

    ReplyDelete
  5. fantastic...keep it up

    ReplyDelete
  6. ഈശ്വരന്മാരെ... ഇനി ചിരിക്കാന്‍ വയ്യ...

    എന്റെ വക ഒരു ഒരു തേങ്ങ..

    http://jaggudaada.blogspot.com/2009/10/blog-post_22.html

    ReplyDelete
  7. superb man superb pls send one copy to mathrubhumi editor also

    ReplyDelete