Thursday, February 18, 2010

അസിന്റെ അച്ഛന്‍



നിയമപരമായ മുന്നറിയിപ്പ് : ഈ കുറിപ്പിന്റെ ഉദ്ദേശ്യം അസിന്‍ എന്ന നടിയുടെ അഭിനയമികവ് വിശകലനം ചെയ്യലല്ല. മറിച്ച്, ഏതെങ്കിലും ഉയരങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ മലയാളികള്‍ കാണിക്കുന്ന പൊങ്ങച്ചത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അവതരിപ്പിക്കലാണ്. ഒപ്പം, വിഡ്ഢിവേഷം കെട്ടുന്ന ചില പത്രപ്രവര്‍ത്തകരെ പരിചയപ്പെടലും.
'പ്രൈഡ് ഓഫ് കേരള 'ആയി അടുത്തിടെ അസിനെ തിരഞ്ഞെടുക്കുകയുണ്ടായി. എന്നാല്‍, അസിന്‍ തന്നെ പലപ്പോഴായി പറഞ്ഞ വിവരങ്ങള്‍ വച്ചുനോക്കിയാല്‍ അവരുടെ പിതാവ് ജോസഫ് തോട്ടുങ്കലിനെ 'വണ്ടര്‍ ഓഫ് കേരള 'എന്നു പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തന്റെ പിതാവിന്റെ മഹത്വം വിവരിക്കാന്‍ ഇതുവരെയായി മൂന്നു കഥകള്‍ അസിന്‍ അവതരിപ്പിച്ചു കഴിഞ്ഞു.
രംഗം ഒന്ന്: സി.ബി.ഐ.ഓഫീസറായ അച്ഛന്‍.
2001ല്‍ സത്യന്‍ അന്തിക്കാടിന്റെ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക 'എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അസിന്‍ രംഗത്തെത്തുന്നു. തുടര്‍ന്ന് ഏതാനും സിനിമാപ്രസിദ്ധീകരണങ്ങളില്‍ വന്ന അസിന്റെ അഭിമുഖങ്ങളിലാണ് അച്ഛന്‍ സി.ബി.ഐ.ഓഫീസറായി വേഷമിട്ടത്. ഒട്ടേറെ കേസുകളില്‍ സി.ബി.ഐ.പഴികേട്ട കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ പുള്ളിക്കാരന്‍ സി.ബി.ഐ.യിലാണെന്ന് നമ്മള്‍ പബ്ലിക്കും വിശ്വസിച്ചുപോയി. ക്ഷമി, ക്ഷമി....
രംഗം രണ്ട്: ബിസിനസുകാരനായ അച്ഛന്‍
തെലുങ്കിലും, തമിഴിലും ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായതോടെ അസിന്‍ പിതാവിനെ സി.ബി.ഐ.യില്‍ നിന്നും രാജിവെപ്പിച്ചെന്നു തോന്നുന്നു. പിന്നീട് അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. പകരം ബിസിനസുകാരനാക്കി. ഒരു പക്ഷേ മലയാളി പത്രക്കാരെക്കാള്‍ വിവരമുള്ള തെലുങ്കനും, തമിഴനും ഏതു സി.ബി.ഐ., ഏതു യൂണിറ്റ് എന്നൊക്കെ ചോദിച്ചാല്‍ കുടുങ്ങും എന്നതുകൊണ്ടു കൂടിയാവണം ഈ മാറ്റം. വിക്കിപ്പീഡിയയില്‍ അസിനെക്കുറിച്ചുള്ള കുറിപ്പില്‍ അപ്പനെക്കുറിച്ച് പറയുന്നതിപ്രകാരം- Her father, Joseph Thottumkal originally from Thodupuzha, managed several businesses and was considered a prominent entrepreneur before he stopped managing his businesses and decided to manage his daughter's acting career instead. എന്റമ്മോ, ഇങ്ങനെയൊരു ബിസിനസുകാരനെപ്പറ്റി കേരളത്തിലാരും കേട്ടിട്ടില്ല. മാത്രമല്ല ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം ഒരു ദിവസംകൊണ്ട് വേണ്ടാന്നുവെച്ച് മകള്‍ക്കൊപ്പം വണ്ടി കയറണമെങ്കില്‍ അത് തട്ടുകട, ഉന്തുവണ്ടിയില്‍ കടലക്കച്ചവടം എന്നിവയില്‍ ഒന്നാവാനേ തരമുള്ളു. വളരെ അടുത്ത് ഒരു മലയാളം സിനിമാ വാരികയില്‍ വന്ന അസിന്റെ ഇന്റര്‍വ്യൂവിനൊപ്പം വിവരദോഷിയായ ലേഖകന്‍ വിക്കീപ്പീഡിയയിലെ മേല്‍പ്പറഞ്ഞ ഭാഗം അതേപടി വിവര്‍ത്തനം ചെയ്തു നല്‍കിയിരിക്കുന്നു. മറ്റൊരു ഇന്റര്‍വ്യൂവില്‍, കേവലം പതിനഞ്ചുവയസുമാത്രം പ്രായമുള്ളപ്പോള്‍ ബിസിനസ് നടത്തി റിക്കോര്‍ഡിട്ടതായും പറയുന്നു. പതിനഞ്ചുവയസില്‍ കൊച്ചിയില്‍ ഒരു പെണ്‍കുട്ടിക്ക് നടത്താന്‍ പറ്റുന്ന ബിസിനസ് മറൈന്‍ ഡ്രൈവില്‍ വറുത്തകടല വില്‍ക്കല്‍ മാത്രം ആവാനേ തരമുള്ളു. പടച്ചവനേ, എന്തിനൊക്കെയാണ് ഈ രാജ്യത്ത് റിക്കോര്‍ഡുകളുള്ളത്.
രംഗം മൂന്ന്: എണ്ണിയാല്‍ തീരാത്ത ഡിഗ്രികളുള്ള അച്ഛന്‍
പ്രമുഖ മലയാളപത്രത്തില്‍ ഒരു മാസം മുന്‍പു വന്ന ഇന്റര്‍വ്യൂവിലാണ് അച്ഛന്റെ ഡിഗ്രികളുടെ നീളം അസിന്‍ വിവരിക്കുന്നത്. അച്ഛന്റെ പേരിനെക്കാള്‍ ഡിഗ്രികള്‍ക്കു നീളമുണ്ടത്രേ. അതു ശരിയാണ് SSLC-September Pass, Pre-Degree English-Supplementary Pass എന്നൊക്കെ നീട്ടി എഴുതിയാല്‍ Joseph Thottumkal എന്നതിനേക്കാള്‍ നീളം ഉറപ്പായും ഉണ്ടാവും. അതേ അഭിമുഖത്തില്‍ പത്രപ്രവര്‍ത്തകന്റെ വിവരക്കേടും തെളിഞ്ഞു കാണാം- അസിന്റെ ഐ.എ.എസ്.മോഹം എന്തായി എന്നു ചോദ്യം. ഡിഗ്രി പൂര്‍ത്തിയാക്കാത്ത ഒരാളോടു ചോദിക്കാന്‍ പറ്റിയ ചോദ്യം തന്നെ അണ്ണാ ഇത്. അപ്പോള്‍ സുന്ദരിയുടെ മറുപടിയാണ് 'അച്ഛന്റെ ഡിഗ്രികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ ഞാന്‍ ഐ.എ.എസിന് പോകുമെന്നാണ് എല്ലാവരും കരുതിയത് '. ഞങ്ങളുടെ അടുത്ത വീട്ടിലെ രാഘവന്‍ ചേട്ടന്‍ മൂന്നാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളു, അങ്ങനെ നോക്കിയാല്‍ അങ്ങേരുടെ മകന്‍ ബിനു നാലാം ക്ലാസിനപ്പുറം പോകില്ല എന്നു പറയുന്ന അതേ യുക്തി.
എന്തായാലും ഇങ്ങനെ ഒരു മലയാളി ഉള്ളപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ആദരിക്കാന്‍ കഴിയാത്ത നമ്മള്‍ കേരളീയര്‍ മഠയന്‍മാര്‍ തന്നെ. 'ഉദയനാണ് താരം 'എന്ന സിനിമയില്‍ ശ്രീനിവാസനെക്കൊണ്ട് 'ഐ.എ.എസ് പരീക്ഷയുടെ തലേന്ന് Flu പിടിച്ചു കിടന്ന എന്നെ നോക്കി എന്റെ മോന്റെ ഐ.എ.എസ്. പോയെഎന്നു കരഞ്ഞ ഡാഡി ' എന്നു പറയിച്ച റോഷന്‍ ആന്‍ഡ്രൂസെ താങ്കളുടെ ദീര്‍ഘദര്‍ശിത്വത്തിന് നമോവാകം.

3 comments:

  1. ഹ ഹ, കൊള്ളാം.
    പക്ഷെ ഈ കക്ഷി ചെറുപ്പത്തില്‍ (അതായത് സിനിമയില്‍ വരുന്നതിനു മുന്‍പ്) എറണാകുളത്ത് ബിസിനസ്സ് നടത്തിയിരുന്നു എന്നത് ശരിയാണ്. സെക്കന്‍ഡ് ഹാന്‍ഡ് സാധനങളുടെ കച്ചവടവും സീലുകളും ഒക്കെ ചെയ്യുന്ന ഒരു കടയായിരുന്നു അത്.

    മാഷേ വേഡ് വെരിഫിക്കേഷന്‍ മാറ്റിയില്ലെങ്കില്‍ ഇനി കമന്റില്ല! :)

    ReplyDelete
  2. എന്നാലും സ്വന്തം അച്ഛന്റെ വ്യക്തിത്വത്തെ എങ്ങനെ കീറി മുറിക്കുന്ന ഒരു മകളോ...ഇപ്പോഴത്തെ സംശയം അസിന് എത്ര അച്ഛന്മാരുണ്ട് എന്നുള്ളതാണ്. ഓരോ പ്രാവശ്യവും മാറ്റി മാറ്റി പറയുന്ന ഇവള്‍ അടുത്തതായി പറയുക എന്റെ അച്ഛന്‍ അങ്ക മാലിയിലെ പ്രധാന മന്ത്രി ആയിരുന്നു എന്നായിരിക്കും ഹാ ഹാ ഹാ

    ReplyDelete
  3. nice to read this.too much----

    ReplyDelete